മെഡിക്കല്‍ ഓക്‌സിജന് അമിത വില ഈടാക്കല്‍: സ്വകാര്യ ആശുപത്രി ക്കെതിരെ കേസെടുത്തു


കോവിഡ് പോസിറ്റീവായ രോഗിയില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജന് അമിത വില ഈടാക്കിയ പരാതിയില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് എടുത്തു. കോട്ടക്കല്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആറു ദിവസത്തേക്ക് 35,360 രൂപ രോഗിയില്‍ നിന്നും ഈടാക്കിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്, ഐ.സി.യു, എച്ച്.ഡി.യു, വെന്റിലേറ്റര്‍ എന്നിവയിലെ രോഗികള്‍ക്ക് സര്‍ക്കാര്‍ ചികിത്സ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പ്രൈവറ്റ് റൂമുകളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ഈ നിരക്ക് ബാധകമല്ല. പ്രൈവറ്റ് റൂമുകളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന് അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതി വകുപ്പിന് ലഭിച്ചിരുന്നു.
രാജ്യത്ത് ഔഷധങ്ങളുടെ വിലനിയന്ത്രണ അതോറിറ്റി ആയ നാഷണല്‍ ഫാര്‍മസ്റ്റ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍.പി.പി.എ) മെഡിക്കല്‍ ഓക്‌സിജന്‍ ഗ്യാസിന് ഒരു ക്യൂബിക്കിന് പരമാവധി ഈടാക്കാവുന്ന വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാതെയാണ് ആറു ദിവസത്തേക്ക് 35,360 രൂപ രോഗിയില്‍ നിന്നും ഈടാക്കിയത്. സമാന സ്വഭാവമുള്ള പരാതിയില്‍ കഴിഞ്ഞ മാസം ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിക്കെതിരെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. രണ്ടു കേസുകളിലും പ്രൈവറ്റ് റൂമുകളില്‍ ചികിത്സയിലുള്ള രോഗികളായിരുന്നു.
കോവിഡ് രോഗിയുടെ ഡിസ്ചാജ് ബില്‍, ഡിസ്ചാര്‍ജ് സമ്മറി, നഴ്‌സസ് റെക്കോര്‍ഡ്, ബില്‍ ഷീറ്റ് തുടങ്ങിയ രേഖകളും, മെഡിക്കല്‍ ഓക്‌സിജന്‍ ഗ്യാസ് ഐ.പിയുടെ പര്‍ച്ചേസ് ബില്ലുകളും വിശദമായി പരിശോധിച്ചതിനു ശേഷം ഡ്രഗ്‌സ് പ്രൈസസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ 2013, അവശ്യ വസ്തു നിയമം തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്.
ജില്ലയിലെ എല്ലാ സ്വകര്യ ആശുപത്രികളും മെഡിക്കല്‍ ഓക്‌സിജന്‍ ഗ്യാസിനും റംഡസിവര്‍ തുടങ്ങിയ കോവിഡ് ഔഷധങ്ങള്‍ക്കും എന്‍.പി.പി.എയുടെ ഉത്തരവ് പാലിക്കണമെന്നും അല്ലാത്ത പക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ.സുജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി നിഷിത്, കോഴിക്കോട് മേഖല ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ വി.കെ ഷിനു, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.