കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഗാമ ട്രേഡേഴ്‌സിലെ തൊഴിലാളികളാണ.് ബീച്ച് റോഡിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലോഡിങ് തൊഴിലാളികളാണെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ബൈക്കുകളും ഉണ്ട്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനില്‍ക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്‌സാക്ഷികള്‍.
ഫിറ്റ്നസ് ഇല്ലാത്ത ബിൽഡിങ്ങുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്നും സംഭവം അനാസ്ഥയാണെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീൽ മുഹമ്മദ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകൾ ഇല്ലെന്നും ഷമീൽ മുഹമ്മദ് വിമർശിച്ചു. വലിയ അപകടമാണ് സംഭവിച്ചത്. എവിടെയാണ് കോർപ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയർ ഓ സദാശിവൻ പ്രതികരിച്ചു.
