NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹോട്ടലിൽ മുറിയെടുത്തത് പോലീസ് ഐഡി കാണിച്ച്; പീഡനം പുറത്തറിഞ്ഞതോടെ ഫിലിപ്പ് ഒത്തുതീർപ്പിന് ശ്രമിച്ചു

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ എസ്.ഐ.യും സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്‌ളുവൻസറുമായ ഫിലിപ്പ് മമ്പാടിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്.
കൈവശമുണ്ടായിരുന്ന പോലീസ് ഐഡി കാർഡ് ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയുമായെത്തി ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിനുശേഷം അതിജീവിതയുടെ വീട്ടിലെത്തി ഇയാൾ ഒത്തുതീർപ്പിന് ശ്രമിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫെബ്രുവരി 13-നാണ് മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടി (49)നെ പോലീസ് അറസ്റ്റ്‌ചെയ്തത്.
മാനസികവെല്ലുവിളി നേരിടുന്ന 16-കാരിയെ ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചെന്നാണ് പരാതി.
സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ചേവായൂർ പോലീസിൽ പരാതിനൽകി. പെരിന്തൽമണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവർഷം മുൻപാണ് ലഹരിവിരുദ്ധ ക്ലാസുകൾ നടത്താനായി സ്വയം വിരമിച്ചത്. കൗൺസിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടിൽ രക്ഷിതാക്കൾ കൊണ്ടാക്കിയതിനെത്തുടർന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ കാസർകോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. തുടർന്ന് അതിജീവിതയുടെ മൊഴി ചേവായൂർ പോലീസ് രേഖപ്പെടുത്തി. കാരച്ചാലിലെ വീട്ടിൽനിന്ന് ഇരുവരും ഒന്നിച്ചു പോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.
എന്നാൽ, നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായും പോലീസ് നേരത്തേ പറഞ്ഞിരുന്നു. പ്രതി നിലവിൽ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *