NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലേണേഴ്‌സ് ലൈസൻസ്; ഇനി പുതുക്കാൻ കണ്ണ് പരിശോധന വേണ്ട; ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ഡിജിറ്റൽ ലൈസൻസ്..!

ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ ഡ്രൈവിംഗ് ലൈസൻസ് കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാകുന്നു.

ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ കാലാവധിക്കുള്ളിൽ സ്ഥിരം ലൈസൻസ് നേടാൻ കഴിയാത്തവർക്ക് അത് പുതുക്കുമ്പോൾ വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

 

ഇതോടെ ലൈസൻസ് പുതുക്കുന്നതിനായി വീണ്ടും ഡോക്ടറെ കണ്ട് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള അനാവശ്യ ബുദ്ധിമുട്ടും അധിക ചിലവും ഒഴിവാകും. ഇതിനുപുറമെ, ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ അപേക്ഷകർക്ക് ഡിജിറ്റൽ ലൈസൻസ് നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

ലൈസൻസ് അംഗീകാരം ലഭിച്ചാലുടൻ അപേക്ഷകർക്ക് അത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്നത് വലിയൊരു മാറ്റമാണ്. വാഹന പരിശോധനകളും ഡ്രൈവിംഗ് ടെസ്റ്റുകളും കൂടുതൽ വേഗത്തിലാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രതിദിന ജോലി ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് ഇൻസ്പെക്ടർക്കും ഒരു ദിവസം 40 ഡ്രൈവിംഗ് ടെസ്റ്റുകളും 50 വാഹന ഫിറ്റ്നസ് പരിശോധനകളും നടത്താൻ അനുമതി നൽകി. മുൻപ് നിശ്ചയിച്ചിരുന്ന പരിധി പുതുക്കിയതോടെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഉടമകൾ നേരിടുന്ന വലിയ തിരക്കിന് പരിഹാരമാകും.

 

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും പുതിയ ക്രമീകരണം സഹായിക്കും. മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടികൾ സാധാരണക്കാർക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *