NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയിൽ വന്യജീവി ആക്രമണം രൂക്ഷം; 2025-ൽ ജീവൻ നഷ്ടമായത് 10 പേർക്ക്; എൺപതിലധികം പേർക്ക് പരിക്കുകൾ..!

സമീപകാലത്ത് മലപ്പുറം ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത വർഷമായി 2025 മാറി.

വനംവന്യജീവി വകുപ്പ് നിയമസഭയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം പത്ത് പേർക്കാണ് കഴിഞ്ഞ വർഷം ജീവൻ നഷ്ടപ്പെട്ടത്.

മരണസംഖ്യയേക്കാൾ ആശങ്കപ്പെടുത്തുന്നത് പരിക്കേറ്റവരുടെ എണ്ണമാണ്; 84 പേർക്കാണ് വന്യജീവികളുടെ ആക്രമണത്തിൽ വിവിധ തരത്തിലുള്ള പരിക്കുകൾ ഏറ്റത്.

വന്യജീവി ആക്രമണങ്ങളിൽ എഴുപത് ശതമാനത്തോളവും നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് സംഭവിക്കുന്നതെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വന്യജീവി സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിച്ചു വരുന്നത് കാണാം. 2022-ൽ ഒൻപത് മരണവും അഞ്ച് പരിക്കുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, 2023-ൽ ഇത് യഥാക്രമം എട്ടും 27-ഉം ആയി മാറി.

2024-ൽ ഏറ്റവും കൂടുതൽ മരണങ്ങൾ (11 പേർ) ഉണ്ടായെങ്കിലും പരിക്കേറ്റവരുടെ എണ്ണം ഏഴിലേക്ക് ചുരുങ്ങിയിരുന്നു.

ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഇത്തരം മരണങ്ങളിൽ പകുതിയിലധികവും പാമ്പ് കടിയേറ്റുള്ളതാണ്. കാട്ടാനകളുടെ ആക്രമണമാണ് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത്.

വേനൽക്കാലം അടുത്തെത്തിയ സാഹചര്യത്തിൽ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ പുതിയ പദ്ധതികളുമായി വനം വകുപ്പ് മുന്നോട്ട് വരികയാണ്. വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെ പ്രത്യേക ലാൻഡ്‌സ്‌കേപ്പുകളായി തിരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കും.

വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ഉറപ്പാക്കുക എന്നതാണ് ഇതിൽ പ്രധാനം. വേനലിൽ വനത്തിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റുന്നത് തടയാൻ കൃത്രിമ കുളങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തികൾക്ക് വനം വകുപ്പ് ഇപ്പോൾ മുൻഗണന നൽകുന്നുണ്ട്.

വന്യജീവികൾ കാടിനുള്ളിൽ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *