പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പ്ലാനറ്റേറിയം : തുടർനിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു
പരപ്പനങ്ങാടി: വർഷങ്ങളായി മുടങ്ങിക്കിടന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര-വിദ്യാഭ്യാസ പദ്ധതിയായ പാലത്തിങ്ങൽ കീരനല്ലൂർ പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്കിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചു.
കെ.പി.എ. മജീദ് എം.എൽ.എ നടത്തിയ ഇടപെടലുകളെത്തുടർന്നാണ് ഇപ്പോൾ ഫണ്ട് ലഭ്യമായിരിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി കഴിഞ്ഞ പത്ത് വർഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തുകയുടെ ഭാഗമായാണ് നിലവിൽ ഉത്തരവായിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തിന് ശേഷം ആദ്യമായാണ് ഈ പദ്ധതിക്കായി സർക്കാർ തുക അനുവദിക്കുന്നത്. അനുവദിച്ച തുക ഉപയോഗിച്ച് പ്ലാനറ്റേറിയത്തിന് ചുറ്റുമതിൽ നിർമ്മാണം, സന്ദർശകർക്കായി അത്യാധുനിക കഫ്റ്റേരിയ, സെക്യൂരിറ്റി കാബിൻ, വിപുലമായ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ നിർമിക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല.
കേരള സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ അനുവദിച്ച ഒരു കോടി രൂപ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അടിയന്തിരമായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയതായി കെ.പി.എ മജീദ് അറിയിച്ചു.
