തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം വിൽപന ചെയ്ത രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു
തിരൂരങ്ങാടി : നഗരസഭ ഓപ്പേറഷൻ ഹെൽത്ത് ഷീൽഡ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ പരിശോധനയിൽ പഴകിയ മത്സ്യം വിൽപന ചെയ്ത രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാത്രി എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് നഗരസഭാ പരിധിയിൽ റോഡ് കൈയ്യേറിയുള്ള വാഹനങ്ങളിൽ മത്സ്യ വിൽപ്പന കണ്ടെത്തുന്നതിന് പരിശോധന നടത്തിയതിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.
കക്കാട് ജംഗ്ഷനിൽ പൊതു റോഡിൽ വെച്ച് മത്സ്യം വിൽപ്പന നടത്തി വന്നിരുന്ന വാഹനവും മമ്പുറം ജംഗ്ഷനിൽ ഗുഡ്‌സ് ഓട്ടോയിൽ മത്സ്യം വിൽപ്പന നടത്തിയിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു. രണ്ട് വാഹനത്തിൽ നിന്നും ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെയും സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തൾ, കിളി മീൻ, ദ്വീപ് അയല എന്നിവ പിടിച്ച് കസ്റ്റഡിയിൽ എടുത്ത് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ റോഡ് കൈയ്യേറി കച്ചവടം ചെയ്യുന്ന 7 വാഹനങ്ങൾ പിടിച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൻ്റെ തുടർ പരിശോധന എന്ന നിലയ്ക്കാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. ഓപ്പറേഷൻ ഹെൽത്ത് ഷീൽഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളിൽ നിന്നും അനധികൃത കച്ചവടക്കാരിൽ നിന്നും നഗരസഭ1.5 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കിയിരുന്നു. ഓരോ വാഹനത്തിനും 10,000/ രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നൽകിയിരുന്നത്.
പരിശോധനയുടെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്തും കോഴിക്കോട് റോഡിലും കച്ചവടത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അനധികൃത വ്യാപാരം പൂർണ്ണമായും നിരോധിച്ച ഈ മേഖലയിൽ പൊതു റോഡ് കൈയ്യേറി കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ നഗരസഭതീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
