പരപ്പനങ്ങാടി ബിഇഎം സ്കൂളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
പരപ്പനങ്ങാടി: ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി അമ്പാടിവീട്ടിൽ കാദർ ശരീഫ് (24) ആണ് അറസ്റ്റിലായത്. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ഇയാളെ പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വലയിലാക്കിയത്.
ഈ മാസം 17-നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ഓഫീസ് റൂമിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതി, അലമാരകൾ കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു.
സി ഐക്ക് പുറമെ എസ് ഐമാരായ ശ്യാം, അബ്ദുൽ സലാം, പോലീസ് ഉദ്യോഗസ്ഥരായ ജയേഷ്, ശ്രീനാഥ്, സച്ചിൻ, ജാസർ, പ്രബീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
