ഇത് ഇഛാശക്തിയുടെ വിജയം; ബ്യൂഗിളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി പരപ്പനങ്ങാടി എസ്എൻഎംഎച്ച്.എസ് എസിലെ സിയാന അലാവുദ്ധീൻ.
പരപ്പനങ്ങാടി : കഠിന പ്രയത്നത്തിന്റെയും ഇഛാ ശക്തിയുടെയും വിജയമാണ് സിയാനയുടേത്. സ്വയം പഠിച്ച് ബ്യൂഗിളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി ജില്ലയുടെ അഭിമാനമായി മാറി പരപ്പനങ്ങാടി എസ്എൻഎംഎച്ച്.എസ് എസ് പ്ലസ് വൺ ബയോളജി സയൻസ് സിയാന അലാവുദ്ധീൻ.
ഉപകരണങ്ങളോടുള്ള അടങ്ങാത്ത മോഹമാണ് ഹൈസ്കൂൾ ബാൻഡ് സംഘത്തിൽ തുടക്കത്തിൽ അവളെ എത്തിച്ചത്. അധ്യാപകൻ എടുത്തുകൊടുത്ത ട്രമ്പറ്റിൽ അവൾ അദ്‌ഭുതം കാണിച്ചു. പിന്നീട് വൃന്ദവാദ്യ ടീമിൽ കീ ബോർഡുമായി സ്കൂളിൽ നിന്ന് സംസ്ഥാന തലത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടിയ സംഘത്തിലും സിയാനയുണ്ടായിരുന്നു.
പതിയെ ബ്യൂഗിൾ വായിക്കാനുള്ള മോഹവും മനസിലുദിച്ചു. അവിടെയും അവൾ തോറ്റില്ല, യുട്യൂബ് നോക്കി സ്വയം പരിശീലിച്ച് സിയാന പൂരനഗരിയിലെത്തി ഹയർസെക്കൻഡറി വിഭാഗം ബ്യൂഗിളിൽ വിജയം നേടി. സിയാനക്ക് പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്. പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. അലാവുദീന്റെയും വീട്ടമ്മയായ അംനയുടെയും മകളാണ് സിയാന. തനിശ, ഇശൽ എന്നിവർ സഹോദരങ്ങളാണ്.
