NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍; എസ്‌ഐടി ഓഫീസിലെത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്‌

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

 

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. പിന്നാലെയാണ് അറസ്റ്റ്.  തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഇന്നു രാവിലെ കൊച്ചിയിലെ എസ്ഐ‌ടി ഓഫിസിലേക്കു ചോദ്യം ചെയ്യാനാണ് രാജീവരെ വിളിപ്പിച്ചത്. അതിനു ശേഷമായിരുന്നു അറസ്റ്റ്.

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇതിന്റെ ഭാഗമായുള്ള ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കണ്ഠര് രാജീവരുടെ അറസ്റ്റെന്നതും ശ്രദ്ധേയമാണ്. സ്വര്‍ണക്കൊള്ള വിഷയത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് ഇസിഐആര്‍.

 

പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അതിനാല്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.

തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *