സംസ്ഥാനത്തെ ഏറ്റവുമുയർന്ന നിരക്കിൽ നിർമാണം; കോഴിക്കോട്ടെ ആദ്യ ടോൾ ബൂത്തിൽ ട്രയൽ റണ്ണിന് തുടക്കം
കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് ഇന്ന് (വ്യാഴാഴ്ച) തുടക്കമാവും. കുറച്ചു ദിവസം കൂടി പണമീടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ടോൾ പ്ലാസയുടെ കാര്യക്ഷമത വിലയിരുത്തിയ ശേഷം ജനുവരി 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുളള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും.
ടോൾ പിരിവിന്റെയും പ്ലാസയിലെ മറ്റു സംവിധാനങ്ങളുടെയും കൃത്യത പരിശോധിക്കാനാണ് ട്രയൽ റൺ. ഇതിനു മുന്നോടിയായി ഡിസംബർ അവസാനം വിവിധ വാഹനങ്ങൾക്കുളള ടോൾ നിരക്കുകൾ ദേശീയ പാത അതോറിറ്റി പുറത്തുവിട്ടിരുന്നു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽ നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോൺഗ്രസ് ജില്ലാ നേതൃത്വവും പ്രതിഷേധത്തിന് പിന്തുണ നൽകുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു.
സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്തതും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാത്തതുമാണ് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കുന്നത്. പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ കാർ അടക്കമുളള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതുള്ളവർക്കു ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം. എന്നാൽ പ്ലാസയുടെ നിശ്ചിത പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് നാട്ടുകാരിൽ ചിലർ ഉയർത്തുന്നത്.
മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്നു മാസത്തേക്ക് ഇവിടെ ടോൾ പിരിവ് നടത്തുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്. 2021 ഓഗസ്റ്റ് 15 നാണ് ദേശീയപാത 66 ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം – രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിനു 63 കോടിയിലധികം രൂപ എന്ന സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്. ഫ്ലൈഓവറുകൾ കൂടുതലായി വന്നതാണ് ഈ റീച്ചിൽ നിർമാണ നിരക്കുയരാൻ കാരണമായത്.
