മദീനയിൽ നിന്ന് വീണ്ടും കണ്ണീർ വാർത്ത; അപകടത്തിൽ ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരിയും മരിച്ചു; നാലുപേരുടെ ഖബറടക്കത്തിനു പിന്നാലെ; ഒരു വീട്ടിൽ മരണം അഞ്ചായി..!
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരി കൂടി മരിച്ചു. ഇതോടെ ഒരു മലയാളി കുടുംബത്തിലെ മരണസംഖ്യ അഞ്ചായി ഉയർന്നു.
മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയാണ് (9) ഇന്ന് മരണപ്പെട്ടത്. അപകടം നടന്ന ദിവസം തന്നെ ജലീലും ഭാര്യയും മകനും മാതാവും ഉൾപ്പെടെ നാലുപേർ മരിച്ചിരുന്നു.
മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം വാദി ഫറഹയിൽ വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇവർക്ക് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാദിയയും വിടവാങ്ങിയത്.
ജലീലിന്റെ മറ്റു മക്കളായ അയിഷ (15), നൂറ (7) എന്നിവർ മദീനയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.
30 വർഷത്തോളമായി പ്രവാസിയായ അബ്ദുൽ ജലീലിനൊപ്പം ഏതാനും വർഷം മുൻപാണ് കുടുംബം സന്ദർശന വിസയിൽ ജിദ്ദയിലെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലായിരുന്നു സൗദിയിലെത്തിയത്.
മരിച്ച മറ്റ് നാലുപേരുടെയും ഖബറടക്കം ഇന്ന് പുലർച്ചെ മദീനയിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയുടെ മരണവാർത്തയും പുറത്തുവന്നത്.
