അബുദാബി കാറപകടം; നാല് സഹോദരങ്ങൾക്കും ദുബൈയിലെ അൽ ഖിസൈസ് ഖബറിടത്തിൽ അന്ത്യവിശ്രമം
കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി.
അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12)അസാം(8), അയാഷ്(5) എന്നിവർക്ക് ദുബൈയുടെ മണ്ണിൽ അന്ത്യനിദ്ര. അടുത്തടുത്ത ഖബറുകളിലായാണ് കുട്ടികളെ ഖബറടക്കിയത്.
ഇന്ന്(ചൊവ്വ) വൈകിട്ട് നാലോടെ ദുബൈ മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിന് പിന്നാലെയായിരുന്നു ഖബറടക്കം.
നേരത്തെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ പിന്നീട് വൈകുന്നേരത്തേയ്ക്ക് മാറ്റുകയായിരുന്നു. അബുദാബിയിലെ പ്രാർഥനകൾക്ക് ശേഷം മക്കളുടെ ചേതനയറ്റ മുഖം ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളേയും സഹോദരിയേയും കാണിച്ച ശേഷമാണ് ദുബൈയിലേക്ക് കൊണ്ട് പോയത്.
ഖബറടക്ക ചടങ്ങുകൾക്കായി ആശുപത്രിയിൽ നിന്ന് വീൽചെയറിലെത്തിയ പിതാവിന്റെ സാന്നിധ്യം ബന്ധുക്കളെയും കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അടക്കം നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
മരിച്ച കുട്ടികളെല്ലാം ദുബൈയിലെ അറബ് യൂനിറ്റി സ്കൂളിലെ വിദ്യാർഥികളായിരുന്നു. ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ശനിയാഴ്ച പുലർച്ചെയാണ് അബൂദബി-ദുബൈ റോഡിൽ ഷഹാമക്ക് അടുത്താണ് അപകടമുണ്ടായത്.
അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശിനി ബുഷ്റയുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ച് ഖബറടക്കി.അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മകൾ ഇസ്സയുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
