നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്നു പരിശോധിക്കും; എഞ്ചിനീയർമാർ ഇന്ന് എത്തും; ക്രമീകരണങ്ങൾ പൂർത്തിയായി..!
2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും (ഇവിഎം) വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന (ഫസ്റ്റ് ലെവല്‍ ചെക്കിംഗ് എഫ്എല്‍സി) ഇന്ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇവിഎം/വിവി പാറ്റ് വെയർ ഹൗസില്‍ ആരംഭിക്കും.
പൊതുതെരഞ്ഞെടുപ്പിനായി ജില്ലയില്‍ ആവശ്യമായ ഇവിഎം/വിവി പാറ്റ് മെഷീനുകളുടെ പ്രാഥമിക പരിശോധനക്കായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ 13 അംഗീകൃത എൻജിനീയർമാർ ഇന്ന് ജില്ലയിലെത്തും. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള നിർദേശങ്ങളനുസരിച്ച് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായി.
ഓരോ തെരഞ്ഞെടുപ്പിനും മുന്‍പായി നടത്തേണ്ട ഈ പ്രാഥമിക പരിശോധന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍) കമ്പനിയുടെ അംഗീകൃത എൻജിനിയർമാരാണ് നടത്തുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന സംബന്ധിച്ച വിശദമായ നടപടിക്രമങ്ങള്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ പ്രാഥമിക പരിശോധന നിരീക്ഷിക്കും. ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്കും ഇന്നു മുതല്‍ പരിശോധനാ പ്രവർത്തനം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും രാവിലെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇവിഎം/വിവി പാറ്റ് വെയർഹൗസിലെത്തി പ്രാഥമിക പരിശോധന നീരിക്ഷിക്കാം.
