ജനുവരി എട്ടിന് വിവാഹം, കയ്യിൽ കാശില്ല; വഴി കണ്ടത് മോഷണം; 23 മണിക്കൂറിനുള്ളിൽ അസം സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ..!
വിവാഹച്ചെലവിനുള്ള പണം കണ്ടെത്താൻ കടകളിൽ മോഷണം നടത്തി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച അസം സ്വദേശി പോലീസിന്റെ പിടിയിലായി. അസം നാഗോൺ ജിയാബുർ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അരീക്കോട് പോലീസിന്റെ പിടിയിലായത്.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് ഉൾപ്പെടെ നാല് കടകളിൽ മോഷണം നടത്തി അസമിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.
ജനുവരി എട്ടിന് നിശ്ചയിച്ചിരുന്ന സ്വന്തം വിവാഹത്തിന്റെ ചെലവുകൾക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഒരു കടയിൽ നിന്ന് മോഷ്ടിച്ച ഇരുപതിനായിരം രൂപ ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കടകളുടെ പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു.
പ്രതി ഇതിനുമുൻപും സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതി ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് പാലക്കാട്ടേക്ക് എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ അരീക്കോട് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
