കരിപ്പൂർ വ്യൂ പോയിന്റിൽ വിമാനം കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്; മുന്നറിയിപ്പ് അവഗണിച്ചത് വിനയായി..!
കരിപ്പൂർ വിമാനത്താവള പരിസരത്തെ വെങ്കുളം വ്യൂ പോയിന്റിൽ കാഴ്ചകൾ കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകരും ചേർന്ന് ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും കാണാൻ ഒട്ടേറെ സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. എന്നാൽ, സുരക്ഷാ ഭീഷണിയുള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് അവഗണിച്ച് താഴ്ചയുള്ള ഭാഗത്തേക്ക് നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കരിപ്പൂർ റൺവേയുടെ വടക്കുഭാഗത്തുള്ള വെങ്കുളം കുന്ന് വിമാനങ്ങൾ അടുത്ത് കാണാൻ കഴിയുന്ന പ്രധാന ഇടമാണ്. എന്നാൽ ഈ പ്രദേശം കുത്തനെയുള്ള താഴ്ചയുള്ളതും മണ്ണ് ഇടിയാൻ സാധ്യതയുള്ളതുമാണ്. ഇതിനാലാണ് പോലീസ് ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
