ചോദ്യോത്തര വേളയില്‍ അവഹേളിച്ചതായി പരാതി; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി


തിരുവനന്തപുരം: 15ാം നിയമസഭ സമ്മേളനത്തിലെ ചോദ്യോത്തര വേളയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ആക്ഷേപിച്ചെന്നു പരാതി. ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നു ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപോയി. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണു വിവാദമായത്. ആലത്തൂര്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ കെ.ഡി. പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.
സംസ്ഥാനത്തു ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചുവെന്ന സൂചിപ്പിച്ചു ചോദിച്ച ചോദ്യമാണു വിവാദമായത്. ചോദ്യം അനുവദിച്ചതു ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നുമായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്. ചോദ്യം സഭയില്‍ ഉന്നയിച്ച് രേഖയിലാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ ചോദ്യം ഒഴിവാക്കാന്‍ കഴിയില്ലെന്നും അല്ലെങ്കില്‍ ചോദ്യം ഉന്നയിച്ച അംഗം തന്നെ അത് ഒഴിവാക്കണമെന്നു എഴുതി നല്‍കേണ്ടതുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷത്തോടുള്ള അവഹേളനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.
കുഴല്‍പ്പണ കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. കേസില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു ഷാഫി പറമ്പില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും കേസില്‍ 20 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കി.