ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സഹോദരി പുത്രന് തീറെഴുതി കൊടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സഹോദരി പുത്രന് തീറെഴുതി കൊടുക്കുന്നു എന്ന് ആരോപിച്ചാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ? എന്നാണ് ഗ്രീൻ ആർമി വേങ്ങരയുടേതെന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ഉള്ളത്.
കുഞ്ഞാലിക്കുട്ടി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും പതിച്ചിട്ടുണ്ട്. അതിരൂക്ഷ വിമർശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ നോട്ടീസിലുള്ളത്. ‘കോറി മാഫിയ തലവനും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി ഒരു പാർട്ടി പ്രവർത്തനപാരമ്പര്യവും ഇല്ലാത്ത സഹോദരി പുത്രനും സിൽബന്തിയുമായ അബു താഹിറിന് വേണ്ടി വേങ്ങര ബ്ലോക്ക് പ്രസിഡണ്ട് സ്ഥാന തീരുമാനം വൈകിപ്പിക്കുന്നത് കുഞ്ഞാപ്പ നിർത്തണം. പാർട്ടി പ്രവർത്തന പരിചയവും അനുഭവസമ്പത്തും പാർട്ടിയുടെ പലക ഘടകങ്ങളിലും പ്രവർത്തിച്ച പരിചയം ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല. യൂത്ത് ലീഗ് പ്രവർത്തകൻ്റെ വാഹനത്തിൽ കഞ്ചാവ് വെച്ച്അറസ്റ്റിലാക്കിയ ക്രൂരനും മാഫിയ തലവനുമായ അബൂതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്.
യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ല. അബു താഹിർ പാർട്ടിക്ക് റിബലായി നിന്ന് മത്സരിച്ച്‌പണം ഒഴുക്കി പാർട്ടിയെ വെല്ലുവിളിച്ച് ജയിച്ചകാര്യം കുഞ്ഞാപ്പ ബിസിനസ് താൽപര്യർത്ഥം മറന്നാലും ജനം മറക്കില്ലെന്നും’ നോട്ടീസിൽ പരാമർശമുണ്ട്.
പാർട്ടി പ്രവർത്തകരുടെ വികാരത്തിന്‌പുല്ല് വില കൽപ്പിക്കുന്ന കുഞ്ഞാപ്പ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനവും വേങ്ങര എംഎൽഎ സ്ഥാനവും രാജിവെക്കണം. മണ്ഡലം നിർദ്ദേശിക്കാത്ത അബു താഹിറിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രഖ്യാപിക്കുകയാണെങ്കിൽ വേങ്ങര മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിടും എന്നാണ് ഇത് മുസ്ലിം ലീഗ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന നോട്ടീസിൽ ഉള്ളത്.
വേങ്ങരയിൽ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നത്. പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
