എസ്ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ വന്നു; പ്രസിദ്ധീകരിച്ചത് ബൂത്ത് തിരിച്ചുള്ള പട്ടിക..!
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള പട്ടിക പ്രതിസിദ്ധീകരിച്ചത്. വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പങ്കുവച്ചത്. ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയര്‍ന്നു. ഇത് ആകെ ഫോമുകളുടെ 99.93% ആണ്.
തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25,08,267 ആയി. മരണപ്പെട്ടവര്‍, ഇതുവരെ കണ്ടെത്താന്‍ കഴിയാത്തവര്‍, സ്ഥിരമായി താമസം മാറി പോയവര്‍ ഉള്‍പ്പടെയുള്ളവരെയാണ് ബി. എല്‍.ഒമാര്‍ ഈ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പ്രവേശിച്ച് ജില്ലയും നിയമസഭാ മണ്ഡലവും നല്കിയാല് ബൂത്തുകളുടെ പേരുകള്‍ ലഭിക്കും. ഇവിടെ നിന്നും ഡൗണ്‍ലോഡ് ഓപ്ഷന് ലഭിക്കും.
1. 18.12.2025 വരെ ERO/AERO/BLO നടത്തിയ മാറ്റങ്ങള്‍ / EF അപ്ഡേറ്റ് അനുസരിച്ച് PDF-ല്‍ കാണിച്ചിരിക്കുന്ന ഡാറ്റ ദിവസേന അപ്ഡേറ്റ് ചെയ്യും. ഈ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ഇതിനകം പങ്കിട്ടിട്ടുണ്ട്.
2. കരട് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വോട്ടര്‍മാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക പൊതു ഓഫീസുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളുടെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. അതുവഴി വോട്ടര്‍ പട്ടികകളും അവരുടെ പേരുകള്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇസിഐ നിര്‍ദ്ദേശിച്ച പ്രകാരം സിഇഒ ഈ പട്ടികകള്‍ സിഇഒ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
