പോളിങ് ബൂത്തുകൾക്ക് കർശന മാർഗ്ഗനിർദ്ദേശം: പഞ്ചായത്തിൽ 200 മീറ്റർ, നഗരസഭയിൽ 100 മീറ്റർ അകലം പാലിക്കണം..!
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കണം.
ഗ്രാമപഞ്ചായത്തില്‍ ബൂത്തുകള്‍ സ്ഥാപിക്കുമ്പോള്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലവും, നഗരസഭയില്‍ 100 മീറ്റര്‍ അകലവും പാലിക്കണം.
സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ ബൂത്തില്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്.
പോളിങ്ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും, നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.
ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ പോളിങ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. പോളിങ് ദിനത്തില്‍ രാഷ്ട്രീയകക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കുന്നതിന് വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
