കരിപ്പൂർ വിമാനത്താവളത്തിൽ ബാഗ് പൊളിച്ച് കവർച്ച വ്യാപകം; ഒരാഴ്ചയ്ക്കിടെ ആറ് കേസുകൾ; കർശന നടപടിയില്ലെന്ന് പരാതി..!
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകൾ പൊളിച്ച് പണവും വിലപിടിച്ച വസ്തുക്കളും കവർച്ച ചെയ്യുന്നതായി പരാതി. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനം വഴി എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെ ബാഗുകളിൽ നിന്നാണ് പണവും വസ്തുക്കളും നഷ്ടപ്പെട്ടത്.
യാത്രികനായ ബാദുഷയുടെ ബാഗിൽ നിന്ന് മാത്രം ₹26,500 രൂപയാണ് കാണാതായത്. ബാഗുകൾ വിമാനത്താവളത്തിനകത്ത് വെച്ച് തന്നെയാണ് പൊളിച്ചതെന്ന് അദ്ദേഹം പറയുന്നു.
ബാഗുകൾ കയറ്റിയ തൂക്കത്തെ അപേക്ഷിച്ച് ഇറക്കിയപ്പോൾ 800 ഗ്രാം കുറവ് വന്നതായും ബാദുഷ. ഈ ആഴ്ചയിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായി വിവരമുണ്ട്. ഈ കവർച്ചകളെല്ലാം സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം.
വർഷങ്ങളായി ഇത്തരം പരാതികൾ ഉയർന്നുവന്നിട്ടും കർശന നടപടികൾ ഇല്ലാത്തതിനെതിരെ വിമർശനം ശക്തമാവുകയാണ്. പോലീസ്, എയർപോർട്ട് അതോറിറ്റി എന്നിവരോട് യാത്രക്കാർ വീണ്ടും പരാതി ഉന്നയിച്ചിട്ടുണ്ട്.
