അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് യുവതി മരിച്ചു, ചികിത്സയിൽ കഴിഞ്ഞത് 40 ദിവസം
പ്രതീകാത്മക ചിത്രം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബുധൻ രാത്രിയോടെ മരിച്ചു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിനയയുടെ മകൻ: അഭിനവ്.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരും മരിച്ചു. ഈ വർഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേർക്ക്. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനാൽ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.
പ്രധാനമായും ജലത്തിലൂടെ തലച്ചോറിൽ എത്തുന്ന അമീബയാണു രോഗകാരണമാകുന്നത്. എന്നാൽ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും അമീബ ശരീരത്തിൽ എത്തുമോ എന്നു സംശയിക്കുന്നുണ്ട്. ഇതിനാൽ വിട്ടുമാറാത്ത പനി, തലവേദന എന്നിവയുണ്ടെങ്കിൽ അമീബിക് മസ്തിഷ്കജ്വരവും സംശയിക്കണമെന്നാണ് ഡോക്ടർമാർക്കുള്ള നിർദേശം. രോഗ സാധ്യതയുള്ളവരുടെ സാംപിൾ പരിശോധിക്കാൻ പബ്ലിക് ഹെൽത്ത് ലാബിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തു അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആർ നടത്തുന്ന പഠനത്തിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. വിവരശേഖരണം 11നു പൂർത്തിയായി. കുളങ്ങൾ ഉൾപ്പെടെ ഒരേ ഉറവിടം ഉപയോഗിക്കുന്നവരിൽ ചിലർക്കു മാത്രം രോഗം വരുന്നതിന്റെ കാരണമാണു പഠനത്തിലൂടെ അന്വേഷിക്കുന്നത്. മൂക്കിനകത്തു വെള്ളം കയറ്റുന്നതുൾപ്പെടെ ആളുകൾ ജലം ഉപയോഗിക്കുന്ന രീതികൾ രോഗത്തിനു കാരണമാകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
