സ്ഥാനാർഥിയായാൽ പോര, പക്വതയും സാമാന്യ ബോധവും വേണം; അത്യാവശ്യം നിയമങ്ങളും അറിയണം; -ഹൈകോടതി..!
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർക്ക് പക്വതയും സാമാന്യ ബോധവും വേണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ചും അത്യാവശ്യം ധാരണ വേണം. മത്സരിക്കാൻ ഒരുങ്ങിയ ശേഷമാണ് തൻ്റെ പേര് വോട്ടർ പട്ടികയിലില്ലെന്ന് അറിയുന്നതെങ്കിൽ പിന്നെ അതേപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ്.
വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടി സ്ഥാനാർഥികളടക്കം നൽകിയ ഒരു കൂട്ടം ഹരജികൾ പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം.
വിദ്യാഭ്യാസം കുറഞ്ഞവർ പോലും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തത് ചോദ്യം ചെയ്ത് യഥാസമയം കോടതിയിൽ നിന്ന് പരിഹാരം കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം പേര് പട്ടികയിലുണ്ടോ എന്ന് നോക്കാനുള്ള ബോധമെങ്കിലും സ്ഥാനാർഥികളാകാൻ പോകുന്നവർ കാണിക്കേണ്ടതുണ്ട്.
കരട് പട്ടികയിൽ പോലും പേരില്ലാതിരുന്നവരുടെ ഹരജികൾ കോടതി തള്ളി. അതേസമയം, ആരോപണം നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയ ചില കേസുകൾ ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ്റെ വിശദീകരണവും തേടി.
വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് പട്ടിക വന്ന ശേഷവും പേര് ചേർക്കാൻ അവസരമുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ ഒട്ടേറെ പേർ കോടതിയെ സമീപിച്ച് പരിഹാരം കണ്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടപടികൾ ആഭംഭിച്ചിരിക്കെ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും കോടതി.
