NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 9 മരണം; അപകടം സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.

ഫൊറൻസിക് വിദഗ്ധരും പൊലീസും റവന്യൂ അധികൃതരും പരിശോധന നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിനുശേഷം ചെറിയ സ്ഫോടനങ്ങളുണ്ടായി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യ ഉയർന്നേക്കാം. സ്ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

അർധരാത്രിയോടെയാണ് സ്ഫോടനം നടന്നത്. നൗഗാം പൊലീസ് സ്റ്റേഷനു മുന്നിൽ ജയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റർ പതിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡോക്ടർമാർ ഉൾപ്പെട്ട വലിയ ഭീകരസംഘത്തെ പിടികൂടിയത്. 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റുമുണ്ടായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ജമ്മുവിലെ സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഫരീദാബാദിൽ ആദ്യം പരിശോധന നടത്തി ഭീകര ബന്ധം കണ്ടെത്തിയത് ജമ്മു പൊലീസാണ്. അതിനാലാണ് സ്ഫോടക വസ്തുക്കൾ ഇവിടേയ്ക്ക് കൊണ്ടുവന്നത്. പിന്നീട‌ാണ് എൻഐഎയ്ക്ക് കൈമാറിയത്.

ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *