പോക്സോ കേസിൽ ബിജെപി നേതാവ് കുറ്റക്കാരൻ; പത്തു വയസുകാരിയെ പീഡിപ്പിച്ചത് ശുചിമുറിയിൽ, ശിക്ഷ നാളെ
പാലത്തായി പീഡനക്കേസിലെ പ്രതി കടവത്തൂർ മുണ്ടത്തോടിലെ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ഏറെ വിവാദമായ കേസിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജ റാണി വിധിച്ചത്.
ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജൻ പെണ്കുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17ന് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിൽ നിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിക്ക് ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഘട്ടത്തിലാണ് നർകോട്ടിക് സെൽ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചത്.
ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പി.എം. ഭാസുരിയും പ്രതിഭാഗത്തിന് വേണ്ടി പി. പ്രേമരാജനും ഹാജരായി.
