സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയോട് നഗ്ന ഫോട്ടോ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ
ബേപ്പൂർ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ഫോട്ടോ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണു പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബേപ്പൂർ സ്വദേശിനിയായ 10–ാം ക്ലാസ് വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച പ്രതി താൻ സിനിമ സംവിധായകനാണെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വാട്സാപ്പിലൂടെ നിരന്തരം മെസേജ് അയച്ച് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി കാസർകോട് ഉണ്ടെന്ന് മനസ്സിലാക്കി. ബേപ്പൂർ എസ്ഐ എം.അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിപിഒ വിനോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കാസർകോട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
