നിങ്ങൾക്കും ‘യോദ്ധാവാകാം’: ലഹരി മാഫിയയെ തകർക്കാൻ രഹസ്യവിവരം കൈമാറാം; സഹായത്തിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ..!
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കേരള പോലീസ് ആരംഭിച്ച ‘യോദ്ധാവ്’ പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി പോലീസിനെ അറിയിക്കുന്നതിന് പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കൺട്രോൾ റൂം നമ്പറുകളും പൊതുജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ട്.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ; യോദ്ധാവ് 9995966666. ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം). : 9497979794, 9497927797.
സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം തടയുക, ഉപയോഗിക്കുന്നവരെ കണ്ടെത്തുക, ലഹരി ഉപയോഗം വിദ്യാർത്ഥികൾക്കിടയിൽ പടരുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് കേരള പോലീസ് ‘യോദ്ധാവ്’ പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹിക നീതി വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ലഹരി കേസുകളിൽ ഉൾപ്പെട്ടവരുടെ ഡാറ്റാബേസ് തയ്യാറാക്കുകയും ആന്റി നർക്കോട്ടിക് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ പദ്ധതിയിൽ അധ്യാപകർ, വിദ്യാർത്ഥി പോലീസ് കേഡറ്റുകൾ (SPC), സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിവരം നൽകുന്നവരുടെ പേരും മറ്റ് ഡീറ്റെയിൽസുകളും പൂർണ്ണമായും രഹസ്യമായിരിക്കും എന്ന് പോലീസ് ഉറപ്പ് നൽകുന്നു. ഈ സാമൂഹിക വിപത്തിനെതിരെ പോരാടുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്.
