വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്‌കരണം: യോഗ്യരായ ഒരു പൗരനും ഒഴിവാക്കപ്പെട്ടിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ..!
മലപ്പുറം ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ – Special Intensive Revision) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
യോഗ്യരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും, അതേസമയം യോഗ്യതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും ഉറപ്പാക്കുകയാണ് ഈ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം.
എസ്.ഐ.ആർ. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും (ബി.എൽ.ഒ) പരിശീലനം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനത്തിൽ ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബി.എൽ.എ.) സേവനം ആവശ്യമായതിനാൽ, എല്ലാ പോളിങ് സ്റ്റേഷനുകളിലും അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.
വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി ജില്ലയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെയായിരിക്കും ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം. ഹെൽപ്പ് ഡെസ്കിലേക്ക് വിളിക്കേണ്ട നമ്പർ: 7907031909.
