തെരുവുനായ നിയന്ത്രണം; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്ന് നിർദേശം

തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. തെരുവുനായ പ്രശ്‌നത്തിൽ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്.
തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിഷയത്തിൽ സംസ്‌ഥാനങ്ങൾ സത്യവാങ്‌മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയും ബംഗാളും മാത്രമാണ് അതു നൽകിയത്. കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം.
ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയിരുന്നു. അതു വൻതോതിൽ വിമർശനവിധേയമായിരുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയുന്ന അനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു കോടതി സത്യവാങ്മൂലം തേടിയത്. ഓഗസ്‌റ്റ് 22നായിരുന്നു ഇത്. ഇന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ച് സത്യവാങ്മൂലം നൽകാത്ത സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഹാജരാകാൻ നിർദേശം നൽകിയത്. ഈ സംസ്ഥാനങ്ങൾക്കു പുറമെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മാത്രമാണ് സത്യവാങ്മൂലം നൽകിയത്.
