പിഎം ശ്രീയില്‍ കടുപ്പിക്കാന്‍ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും, ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കടുപ്പിക്കാന്‍ സിപിഐ. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.
മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. എക്‌സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
അനുനയത്തിന്റെ ഭാഗമായി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം.
അതേസമയം പദ്ധതിയിൽ ആലോചനയില്ലാതെ ഒപ്പിട്ടത് ശരിയായില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അൽപ സമയത്തിനകം ആലപ്പുഴയിൽ നടക്കും. പിഎം ശ്രീ വിഷയം ചർച്ചചെയ്യാനുള്ള നിർണായക നീക്കത്തിലാണ് സിപിഐഎമ്മും. ഇന്ന് സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.
