ചെട്ടിപ്പടിയിൽ ക്ഷേത്രത്തിനു സമീപം ഉഗ്രശബ്ദം; ഫോറൻസിക്കും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

പരപ്പനങ്ങാടി :ചെട്ടിപ്പടി അയ്യപ്പക്ഷേത്രത്തിനു സമീപം ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ.
ഫോറൻസിക്കും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപം കുടുംബ ക്ഷേത്രമായ തട്ടാൻകണ്ടി അയ്യപ്പക്ഷേത്രത്തിനു സമീപത്താണ് നാട്ടുകാർ ഉഗ്രശബ്ദം കേട്ടത്.
പരിസരവാസികൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ശബ്ദംകേട്ട ഉടനെ രണ്ടുപേർ ബൈക്കിൽ അതുവഴി കടന്നുപോയതായി പരിസരവാസികൾ പറയുന്നു.
ക്ഷേത്രത്തിന് മുൻഭാഗത്തായി പച്ചപ്പുല്ലുകൾ കരിഞ്ഞ് കുഴി രൂപപെട്ടിട്ടുണ്ട്. ക്ഷേത്രം തറവാട്ട് കാരണവർ തട്ടാൻകണ്ടി ബാബുരാജ് പരപ്പനങ്ങാടി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
