ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം കഴിഞ്ഞ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) പിടിയിലായി.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട്. ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ചൊവ്വാഴ്ച രാത്രി മുറിയെടുത്ത് താമസിപ്പിച്ചു.
രാത്രി ഒന്നരയോടെ മുറിയിലേക്ക് പോയ ജോബിയെ രാവിലെ കാണാഞ്ഞതിനെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ചെത്തിയെങ്കിലും മുറി തുറക്കാനായില്ല. തുടർന്നാണ് പൊലീസെത്തി വാതിൽ തുറന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.
അസ്മിനയും ജോബിയും മുൻപ് കായംകുളത്ത് ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാൽ, പൊലീസ് ഇൻസ്പെക്ടർ അജയൻ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
