തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകി മുസ്‌ലിം ലീഗ്; ‘അനിവാര്യമെങ്കിൽ’ മാറിനിന്ന നേതാക്കൾക്ക് മത്സരിക്കാമെന്ന്; അതൃപ്തിയിൽ യൂത്ത് ലീഗ്..!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഏർപ്പെടുത്തിയ മൂന്ന് ടേം വ്യവസ്ഥയിൽ മാറ്റങ്ങളുമായി പുതിയ സർക്കുലർ. നേരത്തെ വ്യവസ്ഥ മൂലം മാറിനിന്ന പ്രധാന നേതാക്കൾക്ക് ഇത്തവണ ‘അനിവാര്യമാണെങ്കിൽ’ മത്സരിക്കാൻ ഇളവ് നൽകാനാണ് പാർട്ടി തീരുമാനം.
പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങൾക്കും അനിവാര്യമാണെങ്കിൽ മാറിനിന്ന നേതാക്കൾക്ക് മത്സരിക്കാമെന്നാണ് പുതിയ സർക്കുലറിലെ പ്രധാന നിർദ്ദേശം.
ഇതിനായി ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്/മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികളുടെ ഏകകണ്ഠമായ ശുപാർശ മാത്രം മതിയാകും. എന്നാൽ മൂന്നിലധികം തവണ ജനപ്രതിനിധികളായവർക്ക് ഈ പരിഗണന ഉണ്ടാകില്ലെന്നും സർക്കുലറിൽ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ ലീഗ് നടപ്പാക്കിയത്. എന്നാൽ, ഈ സർക്കുലറിനെതിരെ പാർട്ടിയിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നിലപാടിൽ മാറ്റം വരുത്തിയത്. ലീഗിന്റെ ഈ പുതിയ നീക്കം യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാർലമെന്ററി ബോർഡിൽ യൂത്ത് ലീഗിനെ തഴഞ്ഞതിനെതിരെ യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരിട്ട് പരാതി നൽകിയതായും വിവരമുണ്ട്. ജില്ലാ തലത്തിൽ രൂപീകരിച്ച പാർലമെന്ററി ബോർഡുകളിൽ യൂത്ത് ലീഗിൽ നിന്ന് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെയും ട്രഷറർ ഇസ്മയിൽ വയനാടിനെയും മാത്രമാണ് ഉൾപ്പെടുത്തിയത്. എം.എസ്.എഫിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് മാത്രമാണുള്ളത്.
പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കുന്നത് സ്ഥാനാർഥിത്വത്തിലും തഴയപ്പെടാൻ കാരണമാകുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിനെ അവഗണിക്കുകയാണെന്നുമാണ് യൂത്ത് ലീഗിന്റെ പ്രധാന ആക്ഷേപം.
