ബസ് ഫീസ് അടയ്ക്കാന്‍ വൈകി; 5 വയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതരുടെ ക്രൂരത

സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയുടെ പഠനം പ്രധാനാധ്യാപിക മുടക്കിയതായി പരാതി. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്.
സ്‌കൂളിലേക്കായി ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ ബസ് പോവുകയും ചെയ്തതായാണ് ആരോപണം.
മറ്റു വിദ്യാര്‍ഥികള്‍ ബസില്‍ കയറി പോയതോടെ അഞ്ചു വയസുകാരന്‍ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആയിരം രൂപ ഫീസ് അടയ്ക്കാന്‍ വൈകിയതിനാണ് കുട്ടിക്കെതിരേ പ്രധാനാധ്യാപികയുടെ പ്രാകൃത നടപടി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും കുടുംബം പരാതി നല്‍കി.
തിങ്കളാഴ്ചയാണ് പതിവു പോലെ ബസ് കാത്തുനിന്ന കുട്ടിയോട് പൈസ തരാത്തതിനാല്‍ ബസില്‍ കയറേണ്ടെന്ന് അറിയിച്ചത്. പണം തരാത്തതിനാല്‍ ബസില്‍ കയറ്റേണ്ടന്ന് സ്‌കൂള്‍ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക പറഞ്ഞിരുന്നു. കരഞ്ഞു കൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് അയല്‍വാസികളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും പിന്നീട് വീട്ടില്‍ എത്തി കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാല്‍ ഇനി ആ സ്‌കൂളില്‍ കുട്ടിയെ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം.
