NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹിജാബ് വിവാദം: കുട്ടി മാനസിക ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും പിതാവ്, സ്‌കൂള്‍ നിയമം അനുസരിച്ച് വന്നാല്‍ കുട്ടിയെ സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ച് സ്‌കൂള്‍; കുട്ടിക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഹിജാബ് വിവാദം: കുട്ടി മാനസിക ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും പിതാവ്, സ്‌കൂള്‍ നിയമം അനുസരിച്ച് വന്നാല്‍ കുട്ടിയെ സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ച് സ്‌കൂള്‍; കുട്ടിക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഹിജാബ് (ശിരോവസ്ത്രം) വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് പി എം അനസ് പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാര്‍ദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു.

”പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉള്‍പ്പെടെ താന്‍ പരാതി നല്‍കി. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകളെ ഹിജാബ് ധരിച്ചു പോകാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല”

കുട്ടിയെ ഇനി സ്‌കൂളിലേക്ക് വിടില്ലെന്ന് പിതാവ് വ്യക്തമാക്കി. കുട്ടിയെ സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് മാറ്റുമെന്നും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി കഴിഞ്ഞദിവസവും സ്‌കൂളിലെത്തിയിരുന്നില്ല.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി കഴിഞ്ഞ ദിവസങ്ങളില്‍ അവധിയായിരുന്നു. നേരത്തെ സ്‌കൂള്‍ ചട്ടപ്രകാരം എത്താമെന്ന് എറണാകുളം എംപിയടക്കം ഉള്‍പ്പെട്ട സമവായത്തില്‍ തീരുമാനമായിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും കുടുംബം നിലപാട് മാറ്റി ടിസി വാങ്ങുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

സ്‌കൂള്‍ മാനേജ്മെന്റിനും അഭിഭാഷകയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചതിനു ശേഷം സ്‌കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തു നിന്നുമുണ്ടായ അപക്വമായ പരമാര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടി ടിസി വാങ്ങുകയാണെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞിരിക്കുന്നത്.

 

കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്മെന്റ് ആയിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളുവെന്നും കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രത്തോളമാണെന്നും മന്ത്രി ചോദിച്ചു. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാന്‍ പാടുണ്ടോ. ചെറിയ തോതില്‍ തന്നെ അവിടെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട പ്രശ്നമാണ് വഷളാക്കുന്നതെന്നും വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്മെന്റ് ഇതോടെ രംഗത്തെത്തി. ആദ്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാനേജ്മെന്റ്. സ്‌കൂളിന്റെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പള്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് പ്രിന്‍സിപ്പള്‍ പ്രതികരിച്ചത്.

‘കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഹൈബി ഈഡന്‍ എംപിക്കും ഷോണ്‍ ജോര്‍ജിനും നന്ദി. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത്’,

വിഷയങ്ങള്‍ പലതും കോടതിയുടെ മുന്നിലായതിനാല്‍ അധികം സംസാരിക്കുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കുട്ടി സ്‌കൂള്‍ മാറുന്നതിനെക്കുറിച്ച് വിവരമില്ലെന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ടുപോകുന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *