ഒക്ടോ. 12 ന് പള്‍സ് പോളിയോ ദിനം; ജില്ലയില്‍ 4,20,139 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും

file

പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12 ന് മലപ്പുറം ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 4,20,139 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 3810 ബൂത്തുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 65 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും.
ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 57 മൊബൈല്‍ ടീമുകളുമുണ്ടാകും. ഒക്ടോബര്‍ 12ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ 13,14 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ബൂത്തുകളില്‍ വോളന്റിയര്‍മാരായി തെരഞ്ഞെടുത്ത 7672 പേര്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്.
ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ ജില്ലാതല കര്‍മ്മസേന യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ഡെപ്യൂട്ടി ഡി എം ഒ ഡോ. സി. ഷുബിന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, വിവിധ വകുപ്പ് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.