യാത്ര വയനാട്ടിലേക്കാണോ ?; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷകുമെന്ന്; ചുരത്തിൽ പത്ത് കിലോമീറ്റർ പിന്നിടാൻ മണിക്കൂറുകൾ..!
വയനാട് ചുരത്തിൽ വാഹനത്തിരക്ക് നിത്യസംഭവമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതു പോലെ ഇന്നലെയും മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിലകപ്പെട്ടത്.
അടിവാരം മുതൽ ലക്കിടി വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ‘ഒച്ചിന്റെ വേഗത്തിലാണ്’ ഇഴഞ്ഞത്. മണ്ണിടിച്ചിൽ, മരം വീഴ്ച എന്നിവ കാരണം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്ന ചുരത്തിൽ, ബദൽപാതകൾ ഇല്ലാത്തത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ബ്ലോക്ക് ഉണ്ടായാൽ പാതിവഴിയിൽ നിന്ന് തിരികെ ഇറങ്ങാനോ യൂ-ടേൺ എടുക്കാനോ സാധിക്കാത്ത വിധത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ് പതിവ്.
തുടർച്ചയായ അവധി ദിവസങ്ങളും, ദസറ ആഘോഷത്തിനായി മൈസൂരുവിലേക്ക് പോകുന്നവരുടെ തിരക്കും കൂടിയായതോടെയാണ് ചുരം പാതയിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ചരക്ക് ലോറികൾ വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.
ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. കൂടാതെ, വയനാട്ടിൽ നിന്ന് എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നവർ നേരത്തെ പുറപ്പെടണം. യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടന്നാൽ പ്രയാസമുണ്ടാകാതിരിക്കാൻ വെള്ളവും ലഘുഭക്ഷണവും കൈയിൽ കരുതണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
