NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം

1 min read

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പ്രതികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. കേസില്‍ പ്രതികളായ അഞ്ചുപേരെയാണ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീരുമാനം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം ഡി.ജി.പിക്ക് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പു കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21-നാണ് പീരുമേട് ജയിലില്‍ വെച്ച് മരിച്ചത്. കസ്റ്റഡി മരണത്തില്‍ മരിച്ച രാജ്കുമാറിന്റെ ജീവനക്കാരി നല്‍കിയ മൊഴിയിലടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മരണം പൊലീസ് മര്‍ദ്ദനം മൂലമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എ സാബു അടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എ.എസ്.ഐ സി.ബി.റെജിമോന്‍, പൊലീസ് ഡ്രൈവര്‍മാരായ സി.പി.ഒ പി.എസ്.നിയാസ്, സീനിയര്‍ സി.പി.ഒ സജീവ് ആന്റണി, ഹോം ഗാര്‍ഡ് കെ.എം.ജയിംസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, എ.എസ്.ഐ റോയ് പി.വര്‍ഗീസ്, സീനിയര്‍ സി.പി.ഒ ബിജു ലൂക്കോസ്, വനിതാ സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരാണു കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published.