NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആറുവരിപ്പാതയിൽ ക്യാമറ പ്രവർത്തിച്ചു തുടങ്ങി, ഗതാഗത നിയമങ്ങൾ നിരീക്ഷിക്കാനും പ്രത്യേകം ക്യാമറകൾ

 

പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലും ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും.

അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കാനാണ് പദ്ധതി. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും 58 വീതം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അറുപതോളം 360 ഡിഗ്രി ക്യാമറകളാണ്. വളാഞ്ചേരി-കാപ്പിരിക്കാട് വരെ 29 ക്യാമറകൾ ചുറ്റുംതിരിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ക്യാമറകളാണ്. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ടാകും
കൂടാതെ ജങ്ഷനുകളിലും എൻട്രി, എക്‌സിറ്റ് പോയിന്റുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

വെട്ടിച്ചിറയിലും കുറ്റിപ്പുറത്തുമായി രണ്ടു കൺട്രോൾറൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറാദൃശ്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും ജീവനക്കാരുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദൃശ്യങ്ങൾ മോട്ടോർവാഹന വകുപ്പിന് കൈമാറും. വാഹനങ്ങളുടെ വേഗത പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ ഓരോ അഞ്ചു കിലോമീറ്ററിലുമുണ്ടാകും. അമിതവേഗതയിലാണ് വാഹനമെങ്കിൽ ചുവപ്പ് അക്കത്തിൽ വേഗത സ്ക്രീനിൽ തെളിയും.

ദേശീയപാതയിലൂടെ തോന്നിയപോലെ വാഹനം ഓടിക്കുമ്ബോൾ മാത്രമല്ല ക്യാമറകൾ പണിതരുക. അനധികൃത മായി നിർത്തിയിട്ടാലും പിടി വീഴും. മൂന്നുമിനിറ്റിൽ കൂടുതൽ വാഹനം പാതയിൽ എവിടെയെങ്കിലും നിർത്തിയിട്ടാലും ക്യാമറയിൽ കുടുങ്ങും. അമിതവേഗം, ട്രാക്ക് തെറ്റി ഓടിക്കൽ, സീറ്റ്ബെൽറ്റ് ധരിക്കാത്തത് തുടങ്ങിയവയെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കും.

വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താൻ ഉപയോഗിക്കുന്ന ക്യാമറകൾ കൂടാതെ രണ്ടുതരം ക്യാമറകൾകൂടി ദേശീയപാതയിൽ സ്ഥാപിച്ചിട്ടുണ്ട്. എക്സ‌ിറ്റ് പോയിന്റിലൂടെ ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കടക്കുന്നതും എൻട്രി പോയിന്റിലൂടെ വാഹനങ്ങൾ പുറത്തുകടക്കുന്നതും പിടികൂടാൻ പ്രത്യേക ക്യാമറകളുണ്ട്.

വെഹിക്കിൾ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം ക്യാമറകളാണിവ. എക്സ‌ിറ്റ്, എൻട്രി പോയിന്റുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അപകടങ്ങൾ സംഭവിച്ചാലും ദിശമാറി വാഹനമോടിച്ചാലും കൺട്രോൾറൂമിൽ ദൃശ്യങ്ങളെത്തുക ഈ ക്യാമറകളിലൂടെയാണ്.

പ്രവേശനാനുമതിയില്ലാത്ത ബൈക്ക്, ഓട്ടോ, ട്രാക്ട‌ർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാതയിലേക്കു കടന്നാലും ദ്യശ്യങ്ങൾ ക്യാമറയിൽ പതിയും. 360 ഡിഗ്രി തിരിയാൻ കഴിയുന്ന പിടിസെഡ് (പാൻ, ടിൽറ്റ്, സൂം) ക്യാമറകളാണ് മറ്റൊരു പ്രത്യേകത.

വാഹനങ്ങളുടെ പാർക്കിങ്, റോഡ് മുറിച്ചുകടക്കൽ എന്നിവ ഈ ക്യാമറവഴി നിരീക്ഷിക്കും.

ആറുവരിപ്പാതയിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ ആണെന്നുകരുതി കുതിച്ചുപായാൻ വരട്ടെ. ആദ്യഘട്ടത്തിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ അനുമതിയില്ല. നിലവിൽ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

പാതയ്ക്കരികിലൂടെ നടക്കാമെന്നോ റോഡ് മുറിച്ചുകടക്കാമെന്നോ കരുതേണ്ടാ. കാൽനടക്കാർക്ക് ആറുവരിപ്പാതയിലേക്കു പ്രവേശനമില്ല. അതുപോലെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവയ്ക്കും പുതുപാതയിലൂടെ സഞ്ചരിക്കാനാകില്ല. എന്നാൽ, സർവീസ് റോഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇത്തരം വാഹനങ്ങളും കാൽനടക്കാരും ആറുവരിപ്പാത ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, റോഡ് മുറിച്ചുകടക്കരുത്.

എന്നാൽ, എൻട്രി, എക്‌സിറ്റ്‌ പോയിന്റുകളിൽ പരമാവധി വേഗം 50 കിലോമീറ്റർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *