NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൂർവ്വവിദ്യാർഥി സംഗമത്തിൽ വീണ്ടും പരിചയപ്പെട്ട് സ്നേഹം നടിച്ച് പരപ്പനങ്ങാടി സ്വദേശിയായ അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണാഭരണവും കൈവശപ്പെടുത്തി മുങ്ങി; യുവാവും ഭാര്യയും അറസ്റ്റിൽ

പരപ്പനങ്ങാടി :  31 വർഷത്തിന് ശേഷം പൂർവ്വവിദ്യാർഥി സംഗമത്തിൽ വീണ്ടും പരിചയപ്പെട്ട് പഠിപ്പിച്ച അധ്യാപികയുടെ  27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണാഭരണവും കൈവശപ്പെടുത്തി മുങ്ങിയ യുവാവും ഭാര്യയും അറസ്റ്റിൽ.

ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശിയും കർണാടകയിൽ ഒളിച്ച് താമസിക്കുകയുമായിരുന്ന നീലിയത്ത് വേർക്കൽ ഫിറോസ് (51), ഇയാളുടെ ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും കർണാടകയിൽ നിന്നും പിടികൂടിയത്.
തന്നെ പഠിപ്പിച്ച അധ്യാപികയെ പൂർവ്വ വിദ്യാർഥി സംഗമത്തിന് വീണ്ടും പരിചയപ്പെട്ട ശേഷമാണ് ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റുന്നത്. വിശ്വാസം നേടിയെടുത്ത ഇയാൾ ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നതിനായി പണം ആവശ്യപ്പെട്ടു. ആദ്യം ഒരുലക്ഷം രൂപ നൽകി. 4000 രൂപ മാസം ലാഭമെന്ന പേരിൽ ഏതാനും മാസങ്ങൾ അധ്യാപികക്ക് നൽകിയിരുന്നു.
തുടർന്ന് മൂന്ന് ലക്ഷവും കൈവശപ്പെടുത്തി. ഇതിന് മാസം 12,000 രൂപ വീതം നൽകിയതായും പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. പിന്നീട് പലതവണകളായി 27.5 ലക്ഷം രൂപ ഇയാൾ കൈവശപ്പെടുത്തി. തുടർന്ന് പണം ലഭിക്കുന്നത് നിലച്ചതോടെ വിവരം അന്വേഷിച്ച അധ്യാപികയോട് ബിസിനസ്സിലേക്ക് കൂടുതൽ പണം ഇറക്കേണ്ടതുണ്ടെന്ന് അറിയിച്ചതോടെ അധ്യാപിക തന്റെ കൈവശമുള്ള 21 പവൻ സ്വർണ്ണാഭരണവും പ്രതിക്ക് നൽകി. തിരൂരിലെ ബാങ്കിൽ പണയപ്പെടുത്തിയ ഈ സ്വർണ്ണാഭരണങ്ങൾ പിന്നീട് ഇയാൾ വിറ്റുനശിപ്പിച്ചു.
പിന്നീട് പണം ചോദിച്ച് വിളിച്ചതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി കർണ്ണാടകയിലെ ഹസനിലെ ഒരു ഗ്രാമത്തിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കർണ്ണാടകയിൽ ദിവസങ്ങളോളം താമസിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
കേസിലെ ഒന്നാംപ്രതി ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ പണം വാങ്ങുമ്പോൾ രണ്ടുതവണ കൂടെയുണ്ടായിരുന്ന രണ്ടാംപ്രതിയായ ഭാര്യ  റംലത്തിനെ കോടതി ജാമ്യം നൽകി വിട്ടയച്ചു.
തന്റെ വിദ്യാർഥിയായതിനായും ഫിറോസിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കണ്ടാണ് സ്വന്തം മകനെന്നപോലെ ഇത്രയും പണവും ആഭരണങ്ങളും അധ്യാപിക ഇയാൾക്ക് നൽകിയത്.
മകളുടെ വിവാഹത്തിനായി പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതോടെ തിരിച്ചു തരില്ലെന്നും ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സിഐക്ക് പുറമെ എഎസ്ഐ റീന, എസ്ഐ പി. അഭിലാഷ്, സി.പി.ഒ സച്ചിൻ എന്നിവരും പോലീസ് സംഘത്തിലു ണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *