ഏതുകേസും തീരും, മനസ്സുവെച്ചാല്‍ മതി..! മലപ്പുറത്ത് 86 ദിവസംകൊണ്ട്, തീര്‍പ്പാക്കിയത് 1000 കേസ്.


86 ദിവസം, മലപ്പുറത്ത് തീര്‍ത്തത് 1000 കേസ്; ഏതുകേസും തീരും, മനസ്സുവെച്ചാല്‍ മതി..!
കേസുകൾ പതിറ്റാണ്ടുകളോളം നീണ്ടുപോകുന്നത് പതിവായ കാലത്ത്, വെറും 86 ദിവസത്തിനുള്ളിൽ 1000 കേസുകൾ പരിഹരിച്ച് മലപ്പുറം ജില്ല പുതിയ ചരിത്രം കുറിച്ചു. സുപ്രീംകോടതി നിർദ്ദേശിച്ച ‘മീഡിയേഷൻ ഫോർ ദ നേഷൻ’ കാമ്പയിൻ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയത് മലപ്പുറത്താണ്.
വാദിയും പ്രതിയുമെന്ന നിലയിൽ നിന്നും മാറി കക്ഷികൾ പരസ്പരം ഒന്നിച്ചിരുന്ന് സൗഹാർദ്ദപരമായി ചർച്ച ചെയ്താണ് കേസുകൾ തീർപ്പാക്കിയത്. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. സനിൽകുമാറിൻ്റെ ഇടപെടലാണ് ഈ നേട്ടത്തിന് പിന്നിൽ.
മധ്യസ്ഥ ചർച്ചകളുടെ പുരോഗതി കൃത്യമായി വിലയിരുത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹം നേരിട്ട് മുന്നിട്ടിറങ്ങിയത് സഹപ്രവർത്തകരിലും വക്കീലന്മാരിലും ആവേശമുണ്ടാക്കി.
മൂന്ന് ലക്ഷം രൂപ ക്ലെയിം ചെയ്ത കേസിൽ പരാതിക്കാരന് 4.20 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭ്യമാക്കിയതുൾ പ്പെടെയുള്ള നേട്ടങ്ങളും ഈ ശ്രമഫലമായി ഉണ്ടായി.
സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ആകെ 26,466 കേസുകളാണ് മധ്യസ്ഥ ശ്രമങ്ങൾക്കായി തിരഞ്ഞെടുത്തി ട്ടുള്ളത്. ഇതുവരെ മൊത്തം 5,997 കേസുകളാണ് പരിഹരിച്ചത്.
അപകട ക്ലെയിം, വൈവാഹിക കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, ഗാർഹിക അതിക്രമം, ഭൂമിയേറ്റെടുക്കൽ, ഒഴിപ്പിക്കൽ, ഭാഗംവയ്ക്കൽ കേസുകൾ, മറ്റ് സിവിൽ, ക്രിമിനൽ കോമ്പൗണ്ടബിൾ കേസുകൾ തുടങ്ങിയവയാണ് മധ്യസ്ഥ ശ്രമത്തിലൂടെ തീർപ്പാക്കുന്നത്.
കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഹൈക്കോടതിയുടെയും നേതൃത്വത്തിൽ 78 മീഡിയേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കക്ഷികൾ ഫീസ് നൽകേണ്ടതില്ല. ഒത്തുതീർപ്പാക്കിയ കേസുകളിൽ കോടതി ഫീസ് തിരികെ നൽകുകയും ഒത്തുതീർപ്പ് കരാർ കോടതി വഴി നടപ്പിലാക്കുകയും ചെയ്യും.