ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ കുറഞ്ഞു; സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് സങ്കടപാഠം; ആധാർ ഇല്ലാത്ത കുട്ടികൾ ഏറ്റവും കൂടുതൽ മലപ്പുറത്ത്..!


സംസ്ഥാനത്ത് ഈ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ മുൻ വർഷത്തേക്കാള്‍ 1, 23, 686 വിദ്യാർഥികളുടെ കുറവു മൂലം 4090 അധ്യാപക തസ്തികകള്‍ നഷ്ടം.
സർക്കാർ സ്കൂളുകളില്‍ 66,315, എയ്ഡഡ് മേഖലയില്‍ 59,371 വിദ്യാർഥികള്‍ ഈ വർഷം കുറഞ്ഞു. സ്കൂള്‍ തുറന്ന് ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ആധാർ കാർഡില്ലാതെ സ്കൂളില്‍ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണവും അധ്യാപക തസ്തിക നഷ്ടപ്പെടാൻ കാരണമാകുന്നു.
ഈ അധ്യായന വർഷം ആധാർ ഇല്ലാതെ പഠിക്കുന്നത് 57,130 കുട്ടികളാണ്. ആധാറില്ലാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാല്‍ 2015 മാർച്ചിനു ശേഷം ജോലിയില്‍ കയറിയ നാനൂറോളം അധ്യാപകർ പെരുവഴിയിലാണ്. കെ.ഇ.ആർ ഭേദഗതി പ്രകാരം ഓരോ അധ്യായന വർഷവും ആറാം പ്രവൃത്തി ദിനത്തില്‍ പ്രവേശനം നേടുന്ന ആധാർ ഉള്ള കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് തസ്തിക നിർണയം നടത്തുന്നത്.
എന്നാല്‍ കണക്കെടുപ്പു കഴിഞ്ഞതിനു ശേഷം കുട്ടികള്‍ ആധാർ എടുത്തോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തുനിഞ്ഞിട്ടില്ല. പരിശോധിക്കാമെന്ന മറുപടി മാത്രമാണുള്ളത്.സൗജന്യ പാഠപുസ്തകങ്ങള്‍, യൂനിഫോം എന്നിവ നല്‍കാനും സ്കൂള്‍ ഉച്ചഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടാനും ആധാർ നമ്ബർ നിർബന്ധമാക്കിയിരുന്നു. എന്നാല്‍ സ്കൂള്‍ ഉച്ച ഭക്ഷണം നല്‍കുന്നതില്‍ ആധാർ ബാധകമാക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ആധാറില്ലാത്ത കുട്ടികളുള്ളത് മലപ്പുറം ജില്ലയിലാണ്- 15, 472. തിരൂർ വിദ്യാഭ്യാസ ജില്ലയില്‍ 5,509, മലപ്പുറം 4323, തിരൂരങ്ങാടി 4053 വിദ്യാർഥികള്‍ക്ക് ആധാർ ഇല്ല. സർക്കാർ സ്കൂളുകളിലെ തസ്തിക നഷ്ടമാകുന്ന അധ്യാപകരെ സംരക്ഷണം നല്‍കി മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറ്റും. ഒന്നിലധികം എയ്ഡഡ് സ്കൂളുകളുള്ള മാനേജ്മെന്റുകള്‍ക്ക് അധ്യാപകരെ ഒഴിവുള്ള മറ്റു സ്കൂളുകളിലേക്ക് പുനർ വിന്യസിക്കാനാകും.
എന്നാല്‍ ഇതു രണ്ടുമല്ലാത്ത സ്കൂളുകളിലെ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുള്ള സ്കൂളുകളില്‍ 31 കുട്ടികളുണ്ടെങ്കില്‍ ഡിവിഷൻ അനുവദിക്കും. ആധാറില്ലാത്ത ഒരു കുട്ടിയുടെ കുറവുണ്ടെങ്കിലും തസ്തിക നഷ്ടപ്പെടും.