നിലമ്പൂർ – ഷൊർണൂർ പാതയിൽ പ്രത്യേക പരിശോധന’; ടിക്കറ്റില്ലാതെ കുടുങ്ങിയത് 294 പേർ; റെയിൽവേ ചുമത്തിയ പിഴ 95,225 രൂപ..!

പ്രതീകാത്മക ചിത്രം

നിലമ്പൂർ – ഷൊർണൂർ പാതയിലെ ട്രെയിനുകളിൽ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവിൽ 294 യാത്രക്കാർക്ക് റെയിൽവേ 95,225 രൂപ പിഴ ചുമത്തി. രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ കണ്ടെത്തി പിഴ ഈടാക്കിയത്.
ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് കയറിയാണ് ‘അംബുഷ് ചെക്ക്’ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.45ന് രാജ്യറാണിയിൽ ആണ് ആദ്യം പരിശോധന നടത്തിയത്.
ട്രെയിനിൽ നിലമ്പൂരിൽ എത്തിയ ടിക്കറ്റ് ചെക്കർമാർ നിലമ്പൂരിൽ നിന്ന് മറ്റൊരു വാഹനത്തിൽ ഷൊർണൂരിലേക്കെത്തി. തുടർന്ന് നിലമ്പൂർ എക്സ്പ്രസിലായിരുന്നു അടുത്ത പരിശോധന.
രാവിലെ 11.30 വരെ 9 ട്രെയിനുകളിൽ ഇത്തരത്തിൽ പരിശോധന നടത്തി. ഷൊർണൂർ, പാലക്കാട് എന്നിങ്ങനെ 2 സ്ക്വാഡുകളിലായി 19 പേരാണ് പരിശോധനയിൽ പങ്കെടുത്തത്.
തൃശൂർ ഭാഗത്തേക്കുള്ള ചില ട്രെയിനുകളിലും പരിശോധന ഉണ്ടായിരുന്നു. രാജ്യറാണി എക്സ്പ്രസ്, കോട്ടയം – നിലമ്പൂർ എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങി എക്സ്പ്രസ് ട്രെയിനുകളിൽ ഉൾപ്പെടെ പരിശോധന നടത്തി.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും റെയിൽവേ പൊലീസിന്റെയും സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ.
എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും റെയിൽവേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവ് സംഘടിപ്പിച്ചത്.