കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഇനി പൊളിക്കാം; എടപ്പാളിൽ അടക്കം കേരളത്തിൽ മൂന്ന് കേന്ദ്രങ്ങൾ വരുന്നു; സർക്കാരിനും വരുമാനമുണ്ടാകും..!


15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതിനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിൽ മൂന്ന് അംഗീകൃത കേന്ദ്രങ്ങൾ വരുന്നു. കെ.എസ്.ആർ.ടി.സി.ക്ക് കീഴിൽ മലപ്പുറം ജില്ലയിലെ എടപ്പാളിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന് കീഴിൽ കണ്ണൂരിലും ചേർത്തലയിലുമാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുക. അടുത്ത ആറ് മാസത്തിനുള്ളിൽ എടപ്പാളിലെ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ വാഹന ഉടമകൾക്ക് ഇത് വലിയ സഹായകമാകും. വാഹനം പൊളിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ നികുതിയിളവും 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും.
പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് അധിക ജി.എസ്.ടി. ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിനും വരുമാനമുണ്ടാക്കും. പൊളിക്കുന്ന ഓരോ വാഹനത്തിന്റെയും വിലയുടെ 3.26 ശതമാനം തുകയും, ഓരോ വാഹനത്തിനും 5,000 രൂപ പ്രത്യേകമായും കേന്ദ്രം സംസ്ഥാനത്തിന് നൽകും.
ഇത് ആദ്യ 50,000 വാഹനങ്ങൾക്ക് ശേഷവും വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ പ്രതിമാസം 16,830 വാഹനങ്ങളാണ് രാജ്യത്ത് പൊളിക്കുന്നത്. ഈ മേഖലയിൽ 2,700 കോടി രൂപയുടെ നിക്ഷേപമാണ് സ്വകാര്യ മേഖലയിൽ നിന്ന് ലഭിച്ചിട്ടുള്ളതെന്നും കേന്ദ്രം.