പ്രവാസികൾക്ക് തപാൽ വോട്ട്: സജീവമായി പരിഗണിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; 2026 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിലവിൽ വന്നേക്കും


തിരുവനന്തപുരം: പ്രവാസികൾക്ക് തപാൽവോട്ട് സജീവമായി പരിഗണിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പ്രവാസികളുടെ ദീർഘകാലമായുള്ളൊരു ആവശ്യമാണ് കമീഷന്റെ സജീവ പരിഗണനയിലുള്ളത്. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ യു.കേൽകറാണ് ഡെക്കാൻ ഹെറാൾഡിനോട് ഇക്കാര്യം പറഞ്ഞത്. 2026 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമീഷൻ കൊണ്ടു വരുമെന്നും റിപ്പോർട്ടുണ്ട്. ഇ-വോട്ടിങ് ഏർപ്പെടുത്തുന്നത് സൈബർ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തും.
ഇ.വി.എമ്മുകൾക്കെതിരെ ഉയർന്നതിന് സമാനമായ പരാതികൾ ഉയരാൻ ഇത് ഇടയാക്കും. അതുകൊണ്ട് പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. നിലവിൽ പോസ്റ്റൽ ബാലറ്റുകൾ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1.35 കോടി പ്രവാസികളാണ് ഇന്ത്യക്കാരായി വിദേശരാജ്യങ്ങളിലുള്ളത് . ഇതിൽ 1,19,374 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേരുള്ളത്. അതിൽ 89,839 പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 2,958 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെത്തി വോട്ട് ചെയ്തത്.
ഇതിൽ 2,670 പേരും കേരളത്തിൽ നിന്നുള്ളവരാണ്. നിലവിൽ ഇന്ത്യൻ എംബസികൾ വഴിയുള്ള പോസ്റ്റൽവോട്ടുകളാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതു സംബന്ധിച്ച നിർദേശം നല്കി.
തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗത്തിലാണ് നിർദേശം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടർ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ വരെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.