NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു.

തിരുവനന്തപുരം | മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു.

 

വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പിപി തങ്കച്ചൻ. കലങ്ങിമറിഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും സമവായ പാതയിലൂടെയായിരുന്നു തങ്കച്ചൻറെ സഞ്ചാരം. അച്ഛൻ വൈദികനും, അച്ഛൻറെ അനിയൻ അഭിഭാഷകനുമായിരുന്നു. ചെറുപ്പത്തിൽ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് ആദ്യം ശങ്കിച്ചിരുന്നുവെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഒടുവിൽ ളോഹക്ക് പകരം കോട്ടിട്ട് ഇളയച്ഛൻറെ സഹായിയായി അങ്കമാലിയിൽ നിന്നും പെരുമ്പാവൂരിലെത്തി. നഗരസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് തങ്കച്ചൻ മത്സരിച്ചത്.

1968ൽ 26-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭ അധ്യക്ഷനായി. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടായിരുന്നു തുടക്കം. പിന്നീട് 91 മുതൽ 95 വരെ നിയമസഭ സ്പീക്കർ, 95 മുതൽ 96 വരെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി, കെപിസിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ തുടങ്ങി കോൺഗ്രസ്സിൽ മേൽവിലാസങ്ങൾ ഒരുപാടുണ്ടായിരുന്നു പി പി തങ്കച്ചന്. എറണാകുളത്തെ കോൺഗ്രസ്സിൻറെ മണ്ണ് ആണ് പി പി തങ്കച്ചനിലെ നേതാവിനെ പരുവപ്പെടുത്തിയത്. ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ നാളുകളിൽ ലീഡർക്കൊപ്പം അടിയുറച്ചു നിന്നു തങ്കച്ചൻ.

 

1982 മുതൽ 96 വരെ പെരുമ്പാവൂർ യുഡിഎഫിൻറെ ഉറച്ച കോട്ടയാക്കി മധ്യകേരളത്തിലെ കോൺഗ്രസ്സിൻറെ തലയെടുപ്പുള്ള നേതാവായി മാറി തങ്കച്ചൻ. എന്നാൽ 2001 ൽ സിപിഎമ്മിലെ സാജു പോളിനോട് അടിപതറി. സംസ്ഥാനത്ത് 100 സീറ്റുമായി എ കെ ആൻറണിയുടെ നേതൃത്വത്തിൽ യുഡിഎഫ് തകർപ്പൻ ജയം നേടിയപ്പോൾ തോറ്റ ഒരു പ്രമുഖൻ തങ്കച്ചനായിരുന്നു.

 

ലീഡറുടെ വലം കൈ ആയിരുന്നെങ്കിലും 2005 ഡി ഐ സി രൂപീകരിച്ച് കരുണാകരൻ പാർട്ടി വിട്ടപ്പോഴും തങ്കച്ചൻ കോൺഗ്രസ്സിൽ അടിയുറച്ചു നിന്നു. തുടർന്ന് മുഖ്യമന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയൊഴിഞ്ഞ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് തങ്കച്ചനെത്തി. 2005ൽ അന്ന് മുതൽ 2018 വരെ നീണ്ട 13 വർഷം യുഡിഎഫ് കൺവീനർ സ്ഥാനത്ത് തങ്കച്ചൻ തുടർന്നു.

തങ്കച്ചനിലെ മെയ് വഴക്കമുള്ള രാഷ്ട്രീയക്കാരനെ കണ്ട നാളുകളായിരുന്നു അത്. അഞ്ചാം മന്ത്രി സ്ഥാനം മുതൽ സോളാറും ബാർ കോഴയും പിന്നിട്ട് മുന്നണി ആടിയുലഞ്ഞ ഘട്ടത്തിൽ എല്ലാം കക്ഷികളെ വഴക്കത്തോടെ വിളക്കിച്ചേർത്തു കൺവീനർ തങ്കച്ചൻ. മുന്നണിക്കുള്ളിൽ തർക്കങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുമ്പോഴും പുറത്തേക്ക് എല്ലാം ഭദ്രമാക്കി നിർത്തുന്നതായിരുന്നു തങ്കച്ചൻ ശൈലി.

 

നിസാരമെന്ന ഒഴുക്കൻ പറച്ചിലിൽ വലതുമുന്നയിലെ രഹസ്യങ്ങൾ ഭദ്രമായിരുന്നു. കൺവീനർ സ്ഥാനമൊഴിഞ്ഞ 2018 മുതൽ സജീവരാഷ്ട്രീയത്തിൽ നിന്നും പതിയെ വിട്ട് നിൽക്കുകയായിരുന്നു പി പി തങ്കച്ചൻ. കുറച്ച് നാളുകളായി അനാരോഗ്യം അലട്ടിയിരുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സൗമ്യമുഖമാണ് വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *