ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍; 35 മരണം, 130 പേര്‍ക്ക് പരിക്ക്


ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം. യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 35പേര് കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നും ഇസ്രായേൽ അവകാശവാദം ഉന്നയിച്ചു.
വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്.
അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയിലുള്ളത്.
അതേസമയം ചരിത്രത്തിൽ ആദ്യമായാണ് ഇസ്രായേൽ ഖത്തറില്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. സാധാരണക്കാർക്ക് അപകടമൊഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശവാദം. ദോഹയിൽ ചർച്ചയ്ക്കു വന്ന ഹമാസിൻ്റെ പ്രതിനിധി സംഘമായിരുന്നു ലക്ഷ്യം.
അതേസമയം ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്ന് ഖത്തർ പ്രതികരിച്ചു. ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഖത്തറിൻറെ പരമാധികാരം ലംഘിച്ചതിനെ അപലപിച്ച മോദി മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു.