NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓണാവേശത്തിൽ മലയാളി, ഇന്ന് പൊന്നിൻ തിരുവോണം; നബി ദിന സ്മരണയിൽ ഇസ്‌ലാം മത വിശ്വാസികൾ

ഓണം മലയാളികൾക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. ഓണാവേശത്തിൽ ഇന്ന് പൊന്നിൻ തിരുവോണം എത്തിയിരിക്കയാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.

 

ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്. വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. അറ്റുപോകാതെ തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.

അതേസമയം പ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണയിൽ ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിലാണ് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.

സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. കേരളത്തിലെ മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് മീലാദാഘോഷം. നബിദിനത്തിനു മുന്നോടിയായി മഅദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മലപ്പുറത്ത് സ്നേഹറാലി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *