ഹജ്ജ് തീർഥാടകർ മുഖം തിരിച്ചു; പതിനായിരക്കണക്കിന് യാത്രക്കാരുടെ സ്ഥാനത്ത് ഇത്തവണ 624 പേർ മാത്രം; കരിപ്പൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടി..!


ഹജ്ജ് തീർഥാടകരുടെ എണ്ണത്തിലെ കനത്ത ഇടിവ് കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവിയെ ആശങ്കയിലാക്കുന്നവെന്ന് വിമാനത്താവള ഉപദേശക സമിതി. പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഈ വർഷം 624 പേർ മാത്രമാണ് കരിപ്പൂർ വഴി ഹജ്ജിന് അപേക്ഷിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി മറ്റ് വിമാനത്താവളങ്ങളെക്കാൾ കരിപ്പൂരിൽ നിന്ന് നിരക്ക് 40,000 രൂപയോളം കൂടുതലായിരുന്നത് തീർഥാടകർ മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കാൻ കാരണമായി. വിമാനത്താവളത്തിന്റെ നിലനിൽപ്പിന് ഇത് ഭീഷണിയാണെന്ന് ഉപദേശക സമിതിയോഗം. ഹജ്ജ് വിമാനനിരക്ക് ഏകീകരിക്കണമെന്നും ആവശ്യം.
ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാല സമയക്രമത്തിൽ ആകാശ് എയർ, സൗദി എയർലൈൻസ്, എയർ 19 തുടങ്ങിയ വിമാനക്കമ്പനികൾ കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിക്കും.
എമിഗ്രേഷൻ പരിശോധനയിലെ കാലതാമസം പരിഹരിക്കാൻ കൗണ്ടറുകളുടെ എണ്ണം 26-ൽ നിന്ന് 54 ആക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്ക് കൂടുതൽ കണക്ഷൻ വിമാനങ്ങൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഴ കാരണം മന്ദഗതിയിലായ റെസ നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും അധികൃതർ.