NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്കപാത നിർമാണത്തിന് നാളെ തുടക്കമാകും

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.

 

ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി നിലവിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിർമ്മാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

 

നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.

 

കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. ഒട്ടേറെ കടമ്പകൾ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും.

 

തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *